History of Grama Panchayat

1960-ലാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. അന്നപൂര്‍ണ്ണേശ്വരീക്ഷേത്രം ഉണ്ടാവുന്നതിനു മുന്‍പു തന്നെ ഇവിടെ വിഷ്ണു ക്ഷേത്രമുണ്ടായിരുന്നുവെന്നും അത് കണ്ണപുരത്തപ്പന്‍ (ശ്രീകൃഷ്ണന്റെ) എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നുവെന്നു പറയപ്പെടുന്നു. കണ്ണന്റെ പുരമായതിനാല്‍ കണ്ണപുരം എന്ന പേരുണ്ടായിയെന്നും, അതല്ല, തൃക്കോത്ത് ഗുഹയില്‍ കണ്വമഹര്‍ഷി തപസ്സ് ചെയ്തിരുന്നതിനാല്‍ കണ്വന്റെ പുരം ആണ് കണ്ണപുരമായി പരിണമിച്ചതെന്നും മറ്റൊരഭിപ്രായവുമുണ്ട്.സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യവും മതമൈത്രീബോധവും കണ്ണപുരത്തിന് പൈതൃകമായി ലഭിച്ചിട്ടുണ്ട്.ടിപ്പുസുല്‍ത്താന്റെ ആഗമനം ഇവിടുത്തെ തനതുസംസ്ക്കാരത്തെ സ്വാധീനിച്ചിട്ടുണ്ട്. മധ്യകാലത്തോടെ ഇവിടെയുണ്ടായിരുന്ന ഭൂസ്വത്തുക്കളില്‍ സിംഹഭാഗവും ചിറക്കല്‍ ദേവസ്വത്തിനു കീഴില്‍ വന്നുചേര്‍ന്നു.പിന്നീടു വന്ന ബ്രിട്ടീഷ് ഭരണവും നിലവിലുണ്ടായിരുന്ന ജന്മിത്വസമ്പ്രദായവും പരസ്പരം സഹായിച്ചുകൊണ്ട് ജാതീയമായ ചേരിതിരിവുകളെ നിലനിര്‍ത്തുകയും, ഭൂസ്വത്തുക്കളില്‍ ഒരംശംപോലും കൃഷിക്കാര്‍ക്ക് ലഭിക്കാതിരിക്കാന്‍ പഴുതുകള്‍ സൃഷ്ടിക്കുകയും ചെയ്തു.അങ്ങനെ ഇരട്ട ചൂഷണം തദ്ദേശീയരില്‍ അടിച്ചേല്‍പ്പിക്കുകയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും നിരന്തരം പാപ്പരീകരിക്കുകയും ചെയ്തു. ജാതീയമായ ഉച്ചനീചത്വങ്ങള്‍ അതിശക്തമായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പീഡനമനുഭവിച്ചത് ദളിതരായിരുന്നു. ഫാദര്‍ കെയ്റോണിന്റെ വരവോടെ 1940-കളില്‍ അധ:സ്ഥിതരില്‍ കുറെപേരെങ്കിലും മതപരിവര്‍ത്തനത്തിനു വിധേയമായിട്ടുണ്ടെങ്കില്‍ അതില്‍ വലിയൊരു ശതമാനവും കടുത്ത ദാരിദ്യ്രത്തില്‍ നിന്നും ഹിന്ദുമതത്തിലെ സവര്‍ണ്ണമേധാവിത്വത്തില്‍ നിന്നും ചാതുര്‍വര്‍ണ്ണ്യത്തിന്റെ പിടിയില്‍ നിന്നും മോചനം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു.1930-കളോടെ വളര്‍ന്നുവന്ന ദേശീയപ്രസ്ഥാനവും, കര്‍ഷകപ്രസ്ഥാനവുമാണ് ജനങ്ങളില്‍ പുത്തനുണര്‍വ്വിന്റെ അലകളിളക്കിവിട്ടത്. 1930-കള്‍ക്കു മുമ്പുതന്നെ അറപ്പയില്‍ ഗുരുക്കളെ പോലെയുള്ള ധീരന്‍മാര്‍ ജന്മിത്വത്തിന്റെ മുഖത്ത് ആഞ്ഞടിക്കാന്‍ തുടങ്ങിയതു മുതല്‍ കണ്ണപുരത്തിന്റെ പോരാട്ടത്തിന്റെ ചരിത്രം ആരംഭിക്കുകയായി. ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവിടെയും സാമൂഹ്യമാറ്റപക്രിയയ്ക്കു തുടക്കം കുറിക്കുന്നത്. 1930-കളുടെ ആദ്യത്തില്‍ തന്നെയാണ് കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനവും ഇവിടെ നാമ്പിടുന്നത്. 1933-ല്‍ മൊട്ടമ്മല്‍ ദേശപ്രിയ വായനശാല രൂപീകരിക്കാന്‍ കെ.അനന്തന്‍ മാസ്റ്റ്റ്ററുടെ നേതൃത്വത്തില്‍ ചെറുപ്പക്കാര്‍ തയ്യാറാവുകയും, തുടര്‍ന്ന് കര്‍ഷകരുടെയും അധ്യാപകരുടെയും ദുരിതത്തിനു അറുതി വരുത്തണമെന്നു സംഘം തീരുമാനിക്കുകയും ചെയ്തു. 1935-ല്‍ കൊളച്ചേരി കര്‍ഷകസംഘം രൂപീകൃതമാകുന്നതോടെ കണ്ണപുരത്തും സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമായി. പട്ടിണിക്കും ദാരിദ്യ്രത്തിനുമെതിരെ 1936-ല്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന പട്ടിണിമാര്‍ച്ച്സംഘം പ്രവര്‍ത്തകര്‍ക്ക് ഉത്തേജനമേകി. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി നാട്ടിലെമ്പാടും ഭക്ഷ്യക്ഷാമവും കോളറയും പടര്‍ന്നു പിടിച്ചു. കോളറ പിടിപെട്ടാല്‍ മരണം സുനിശ്ചിതമായതിനാല്‍ മറ്റ് വഴികളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഒരൊറ്റ രോഗിയേയും പരിചരിക്കാന്‍ ബന്ധുക്കള്‍ പോലും അറച്ചുനിന്ന സാഹചര്യത്തില്‍, സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ച് കോളറ രോഗികളെ പരിചരിക്കാനും മരിച്ചവരെ മറവുചെയ്യാനും ടി.അമ്പുനായര്‍, അമ്പുക്കുട്ടിമാസ്റ്റ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ധീരതയോടുകൂടി മുന്നാട്ടു വന്നു.

സാംസ്കാരികചരിത്രം

സാമൂഹ്യരാഷ്ട്രീയരംഗത്തെന്നപോലെ കലാസാംസ്കാരികരംഗത്തും വളര്‍ച്ച നേടാന്‍ പഞ്ചായത്തിനു സാധിച്ചിട്ടുണ്ട്. 1933-ല്‍ മൊട്ടമ്മല്‍ ദേശപ്രിയ വായനശാല സ്ഥാപിക്കുവാനും 1937-ല്‍ ഇടക്കേപ്പുറം വടക്ക് ദേശീയ യുവജനസംഘം വായനശാല സ്ഥാപിക്കുവാനുമൊക്കെ നേതൃത്വം കൊടുത്തത് അന്നത്തെ കര്‍ഷകപ്രസ്ഥാനത്തിന്റെ നേതാക്കന്‍മാരായിരുന്നു. പൂരക്കളി, കോല്‍ക്കളി തുടങ്ങിയവയും പൂരമഹോത്സവം, ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രോത്സവം തുടങ്ങിയവയും കണ്ണപുരത്തിന്റ പ്രൌഢിയെ വിളിച്ചറിയിക്കുന്നു. ചാത്തുക്കുട്ടി ആശാന്റെ നേതൃത്വത്തില്‍അരങ്ങേറിയിരുന്ന പുരാണനാടകങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ജന്മിത്വത്തിനുംനാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടങ്ങളില്‍ വായനശാല, കലാപ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ പങ്കു നിസ്തുലമാണ്. 1933-ല്‍ കെ.അനന്തന്‍മാസ്റ്റ്റ്ററുടെ നേതൃത്വത്തില്‍ മൊട്ടമ്മല്‍ ദേശപ്രിയ വായനശാല സ്ഥാപിതമായി. കര്‍ഷക-അധ്യാപക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ ഈ വായനശാലയ്ക്കു സാധിച്ചിരുന്നു. 1940-കളില്‍ സാഹിത്യ പ്രസിദ്ധീകരണ സംരംഭം കൂടി ഈ വായനശാല ഏറ്റെടുത്തിരുന്നതായി കാണാം. കണ്ണപുരത്തെ കെ.ജി.ജി.എന്‍ എന്ന കവിയുടെ ചിരിയില്‍ പൊതിഞ്ഞ കണ്ണുനീര്‍ എന്ന പുസ്തകം പ്രസ്തുത വായനശാല അച്ചടിച്ചു പ്രസിദ്ധീകരിച്ചിരുന്നു. 1937-ല്‍ ഇടക്കേപ്പുറം വടക്ക് ദേശീയ യുവജനസംഘം വായനശാല രൂപീകൃതമായി. റ്റി.പി.ബാലന്‍മാസ്റ്റ്റ്റര്‍, അമ്പുക്കുട്ടിമാസ്റ്റ്റ്റര്‍, ടി.അമ്പുനായര്‍, അനന്തന്‍ മാസ്റ്റ്റ്റര്‍, കെ.എം.കുഞ്ഞുകൃഷ്ണന്‍ മാസ്റ്റ്റ്റര്‍, തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ വായനശാല ഉടലെടുത്തത്. 1940-ന് മുന്‍പു തന്നെ ഗ്രാമക്ഷേമ പൊതുജന വായനശാല ഇന്നത്തെ പഞ്ചായത്തു സാംസ്കാരിക കേന്ദ്രത്തിനു സമീപം സ്ഥാപിതമായിരുന്നു. വി.സി.സറാപ്പ്, അമ്പുക്കുട്ടിമാസ്റ്റ്റ്റര്‍, ആര്‍.നാരായണന്‍, ശങ്കര്‍ജി തുടങ്ങിയവരായിരുന്നു ഇതിനു നേതൃത്വം കൊടുത്തിരുന്നത്. 1947-ല്‍ ചുണ്ടയില്‍ നേതാജി വായനശാലയും, 1954-ല്‍ കീഴറ വിജ്ഞാനപോഷിണിയും, ഇടക്കേപ്പുറം തെക്ക് നവോദയ വായനശാലയും സ്ഥാപിക്കപ്പെട്ടു. വയോജനവിദ്യാഭ്യാസം, സാക്ഷരതാപ്രവര്‍ത്തനം തുടങ്ങിയവയ്ക്കും മുന്‍തൂക്കം കൊടുത്തുകൊണ്ടായിരുന്നു ഇവയുടെ പ്രവര്‍ത്തനം. 1948-ല്‍ മൊട്ടമ്മല്‍ ദേശപ്രിയവായനശാല ഫാസിസ്റ്റ്റ്റുകള്‍ അഗ്നിക്കിരയാക്കി. 1960-നു ശേഷം നിരവധി വായനശാലകളും ഗ്രന്ഥാലയങ്ങളും ഈ പഞ്ചായത്തില്‍ വളര്‍ന്നുവന്നതായി കാണാം.1947 കാലത്ത് ചെറുകുന്ന്-കണ്ണപുരം പുരോഗമന കലാസമിതിയുടെ സ്ഥാപിക്കലോടുകൂടിയാണ് സംഘടിതമായ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലുണ്ടാവുന്നത്. 1940-കളുടെ തുടക്കത്തില്‍ ഇടക്കേപ്പുറത്തെ ചാത്തുക്കുട്ടി ആശാന്റെ നേതൃത്വത്തില്‍ പുരാണ നാടകസംഘം രൂപീകരിക്കുകയും ദേവയാനീചരിതം പോലുള്ള പ്രസിദ്ധകഥകള്‍ വിവിധ വേദികളില്‍ തനിമയോടെ അവതരിപ്പിക്കുകയുമുണ്ടായി. അതിലെ കഥാപാത്രങ്ങളുടെ പേരില്‍ തന്നെയാണ് ചില അഭിനേതാക്കളെ ഏറെക്കാലം അറിയപ്പെട്ടിരുന്നത്. ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്കുത്സവം ഉത്തരകേരളത്തില്‍ തന്നെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്. വിഷുസംക്രാന്തി മുതല്‍ ഏഴാം നാള്‍ വരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ജാതിമതഭേദമെന്യേ ആളുകള്‍ പങ്കെടുക്കാറുണ്ട്. മതസൌഹാര്‍ദ്ദത്തിന്റെ സംഗമവേദി കൂടിയാണ് ഈ ഉത്സവവേള. തെയ്യം, തിറ, കളിയാട്ടങ്ങള്‍ എന്നിവയുടെ കേളീരംഗം തന്നെയാണ് കണ്ണപുരം. കീഴറകുലോം, പൊരുന്തോട്ടം, നീലിയാര്‍കോട്ടം കുറുവക്കാട്, കാരങ്കാവ്, അരിക്കുളങ്ങര, ഇടക്കെപ്പുറം തെക്ക്, മുച്ചിലോട്ട് കാവുകള്‍, പൂമാലക്കാവ്, നണീല്‍കാവ്, ആയിരം തെങ്ങ് ചാമുണ്ഡേശ്വരീ ക്ഷേത്രം എന്നീ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിലെ കളിയാട്ടങ്ങള്‍ സാമൂഹ്യാഘോഷങ്ങളായി പരിണമിക്കാറുണ്ട്.